Tuesday, September 3, 2019

ഒരു യമണ്ടൻ അമളി

സായിപ്പിന്റെ നാട്ടിൽ അല്ല ജനിച്ചതെങ്കിലും ചെയ്യുന്ന തൊഴിലിനും ഉപജീവനത്തിനും ആംഗലേയ ഭാഷ അത്യാവശ്യം എന്ന് കണ്ടപ്പോൾ അറിയാതെ തന്നെ പഠിച്ചുപോയി. തുടക്കത്തിൽ തപ്പിയും തടഞ്ഞും ഒക്കെ ഭാഷ കൈകാര്യം ചെയ്തിരുന്ന ഞാൻ പതിയെ ഇംഗ്ലീഷ് വലിയ തെറ്റുകൂടാതെ പറയാൻ തുടങ്ങി. ഒടുവിൽ ജോലിയുടെ ഭാഗമായി നാടും വീടും വിട്ട് വിദേശ രാജ്യത്തേക്ക് താൽക്കാലികമായി കുടിയേറാൻ തീരുമാനിച്ചു. ചെന്നുപെട്ടതോ ഒരു പറ്റം സായിപ്പന്മാരുടെ നടുവിലേക്കും. പോരാത്തതിന്അ വരുടെ ഉച്ഛാരണശൈലി മനസിലാക്കണമെങ്കിൽ കര്‍ണ്ണം  കൂർപ്പിച്ചുപിടിക്കണം എന്ന അവസ്ഥയും. 

ആംഗലേയ ഭാഷ സാമാന്യം നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാമെങ്കിലും ആംഗലേയ വ്യാകരണത്തിൽ വല്ലപ്പോൾ എങ്കിലും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. വെള്ളക്കാർക്ക് സംസാര ഭാഷയിൽ കർത്താവ്, കർമ്മം, ക്രിയ എന്നിവക്ക് പ്രസക്തി കുറവാണെന്നിരുന്നാലും നമ്മൾ പഠിച്ച രീതി കൊണ്ടാകാം തുടക്ക കാലത്തു സംസാരഭാഷയിൽ ഞാനും വ്യാകരണത്തിനു വലിയ തൂക്കം കൊടുത്തിരുന്നു. തന്നെയുമല്ല നമ്മൾ മലയാളികൾ പൊതുവെ പറയേണ്ട വാചകം മലയാളത്തിൽ മനസ്സിൽ വിചാരിച്ചിട്ട് അതിനെ ആംഗലേയ  ഭാഷയിലേക്കു വള്ളി പുള്ളി മാറാതെ പരിഭാഷപ്പെടുത്തി സമർപ്പിക്കാൻ മിടുക്കരാണ്.  അങ്ങനെ ഇരിക്കെ ഇംഗ്ലീഷ് അറിയാം എന്ന് അഹങ്കരിച്ചു നടന്ന എനിക്കുംപറ്റി വെള്ളക്കാരുടെ ശൈലി പ്രയോഗത്തിൽ ഒരു വലിയ അമളി.

വിദേശവാസക്കാലത്തെ ഒരു ദിവസം. തന്നിരിക്കുന്ന ജോലി വലിയ വിയർപ്പു വീഴ്ത്താതെ എങ്ങനെ ചെയ്തു തീർക്കാം എന്ന് തല പുകഞ്ഞു ആലോചിച്ചു കമ്പ്യൂട്ടർ നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് അടുത്ത ക്യൂബിക്കിളിയിൽനിന്ന്  ഒരു കരച്ചിലിന്റെ ശബ്ദം. ശബ്ദം വന്നത്  എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ആംഗലേയ വനിതയുടെ ക്യൂബിക്കിളിയിൽനിന്ന്  ആയിരുന്നു.  അത് കരച്ചിൽ തന്നെ ആണോ അതോ തോന്നിയതാണോ എന്നറിയാൻ കുറച്ചു സമയം ചെവി കൂർപ്പിച്ചു പിടിച്ചു ഞാൻ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു. അവസാനം അവർ ഫോണിൽ സംസാരിക്കുകയും കരയുകയും ചെയ്യുന്നതായി എനിക്ക് മനസിലായി. എന്നിലെ മര്യാദ രാമൻ എഴുന്നേറ്റ് പോയി കാര്യം അന്വേഷിക്കാൻ പറഞ്ഞുകൊണ്ട് ഇരുന്നു. എങ്കിലും ഒരു സംശയം മനസ്സിൽ ഉള്ള കൊണ്ട് പിന്നോട്ട് നിന്നു - ഈ വെള്ളക്കാരെ ആശ്വസിപ്പിക്കുന്ന രീതികൾ എങ്ങനെ ആണ്? - നാട്ടിൽ ആണെങ്കിൽ ഇങ്ങനെ ഒരു സ്ഥിതിവിശേഷം വന്നാൽ നമ്മളും കൂടെ പോയി ഇരുന്നു കരയും. ഇവിടത്തെ രീതി അതാണോ? അങ്ങനെ പലതരം ചോദ്യങ്ങൾ മനസ്സിൽ കൂടെ കടന്നു പോയി. എന്താണെങ്കിലും ഒരു മര്യാദയുടെ പുറത്ത് പോയി കാര്യം തിരക്കാൻ തീരുമാനിച്ചു ഞാൻ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു. ചുറ്റുമുള്ള ക്യൂബിക്കിളുകളിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ധൈര്യത്തിന് കൂട്ടാം എന്നുകരുതി നോക്കി എങ്കിലും ആരെയും കണ്ടില്ല. വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ അവരുടെ ക്യൂബിക്കിലേറ്റിന്റെ വാതിൽക്കൽ പോയി നിന്നു. പതിയെ കാര്യം തിരക്കിയപ്പോൾ അവർ കരഞ്ഞുകൊണ്ട് ആംഗലേയ ഭാഷയിൽ ഇങ്ങനെ പറഞ്ഞു "മൈ സൺ പാസ്സ്‌ഡ് ഔട്ട് " (my son passed out). 

അതുകേട്ട എനിക്ക്  പെരുവിരലിൽ നിന്ന് ഒരു തരിപ്പ് മേലോട്ട് കയറി  ഹൃദയസ്പന്ദനത്തെ ഒരു മിനിഷം  പിടിച്ചു നിർത്തിയപോലെ തോന്നി. എന്റെ മനസിൽക്കൂടെ പല ചിന്തകളും മിന്നൽപ്പിണർ വേഗത്തിൽ ഓടി. അവരുടെ ജീവന്റെ ജീവനാണ് ഈ ഏകപുത്രൻ എന്ന് അവരോടു സംസാരിച്ച പല അവസരങ്ങളിൽനിന്നും ഞാൻ മനസിലാക്കിയിട്ടുണ്ട്. അറിയാവുന്ന രീതിയിൽ അവരെ സമാധാനിപ്പിച്ചിട്ട് ഇനി എന്തുചെയ്യണം എന്നറിയാതെ ഞാൻ എന്റെ മറ്റു സഹപ്രവർത്തകർ ഇരിക്കുന്ന ക്യൂബിക്കിളിലേക്ക് ഓടി. വളരെ സങ്കടത്തോടെ സുഹൃത്തുക്കളോട് കാര്യം അവതരിപ്പിച്ചു. ജോലിയുടെ തിരക്കിനിടയിൽ ഞാൻ പറഞ്ഞതെല്ലാം അവർ കേട്ടെങ്കിലും ഞാൻ കരുതിയ രീതിയിൽ ഉള്ള പ്രതികരണം അവരുടെ പക്കൽനിന്ന് കിട്ടാത്തപ്പോൾ ഞാൻ അതിശയിച്ചു നിന്നുപോയി. ആശയക്കുഴപ്പത്തിൽ നിന്ന എന്റെ നേരെ ഒരു സുഹൃത്ത് തിരിഞ്ഞിട്ടു പറഞ്ഞു - അവരുടെ മകൻ ബോധംകെട്ട് (passed out) പോയതാണ് അല്ലാതെ മണ്മറഞ്ഞു (passed away) പോയതല്ല. അപ്പോഴാണ് ആംഗലേയ ഭാഷയുടെ തർജ്ജമയിൽ പറ്റിയ അബദ്ധം ഞാൻ തിരിച്ചറിഞ്ഞത്.

Thursday, August 8, 2019

ഒരു ഡ്രൈവിംഗ് പഠനത്തിന്റെ പരിണിതഫലം

കോളേജ് വിദ്യാഭ്യാസകാലത്തെ ഒരു സെമസ്‌ററര്‍ അവധിക്കാലം. ഞാനും എന്റെ ബാല്യകാല സുഹൃത്തും കൂടി വാഹനം ഓടിക്കാൻ പഠിക്കണം എന്ന മോഹവുമായി സിംഹത്തിന്റെ മടയിൽ ഒന്നും പോയില്ലെങ്കിലും നാട്ടിൽ അറിയപ്പെടുന്ന ഒരു ഡ്രൈവിംഗ് പഠിപ്പിക്കുന്ന വിദ്യാലയത്തിന്റെ കവാടത്തിൽ എത്തി. ആഗ്രഹം അറിയിച്ചപ്പോൾ ഉടമസ്ഥൻ ലേണേഴ്‌സ് എടുത്തുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ആഗ്രഹം തീവ്രം ആയിരുന്നതിനാൽ, സമയം തെല്ലും പാഴാക്കാതെ ഒരു വെളുപ്പാൻകാലത്തു എഴുന്നേറ്റുപോയി ക്യൂ നിന്ന് എഴുതി പാസ്സായ ലേണേഴ്‌സ് പരീക്ഷയുടെ രേഖകൾ നിയുക്ത ഗുരുവിന്റെ പാദങ്ങളിൽ ദക്ഷിണയായി വച്ചു.  ഓടി ഓടി വാർദ്ധക്യത്തിന്റെ മുറ്റത്ത് എത്തിയെങ്കിലും ഇനി ഒരു 100 വർഷംകൂടി ഓടാൻ കഴിയും എന്ന ആത്മവിശ്വാസത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു മാരുതി 800 ആയിരുന്നു ഞങ്ങളുടെ പ്രഹരങ്ങൾ ഏറ്റുവാങ്ങൽ നിയോഗിക്കപ്പെട്ട ശകടം. അറിയാവുന്ന ദൈവങ്ങളെ എല്ലാം മനസ്സിൽ ധ്യാനിച്ച് ഗുരുനാഥനെ കാത്തോണേ എന്നുപറഞ്ഞു ഡ്രൈവറുടെ ഇരിപ്പിടത്തിൽ കയറി ഇരുന്നു. നിരത്തിലൂടെ വാഹനമോടിപ്പിച്ച് സ്റ്റിയറിംഗ് ബാലൻസ് ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ഗുരുനാഥന്റെ ആദ്യ ലക്ഷ്യം. ഞങ്ങളുടെ കുഴപ്പമോ അതോ വണ്ടിയുടെ കുഴപ്പമോ എന്നറിയില്ല മനസ്സിൽ ഉദ്ദേശിക്കുന്ന ദിശയിൽ ആയിരുന്നില്ല വാഹനത്തിന്റെ സഞ്ചാരം.

തുടക്കം ആയതുകൊണ്ടാണെന്നു തോന്നുന്നു ഗുരുനാഥൻ അധികമൊന്നും ശകാരിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞും പ്രകടനം ഭേദപ്പെടാതെ വന്നപ്പോൾ ഞങ്ങൾ ബ്രേക്ക് ചവിട്ടുന്നതിനു മുന്നേ തന്നെ ഗുരുവിന്റെ പാദങ്ങൾ ബ്രേക്കിൽ പതിയാൻ തുടങ്ങി. അതോടെ ഞങ്ങൾ ഗുരുവിന്റെ ക്ഷമയുടെ നെല്ലിപ്പലക പതിയെ പതിയെ കണ്ടുതുടങ്ങി. ആഴ്‌ചകളോളം നീണ്ട പരിശ്രമത്തിന്റെ ഒടുവിൽ വാഹനം നിരത്തിലൂടെ ഒരുവിധം ഒരുട്ടാം എന്ന അവസ്ഥയിൽ എത്തി. അതിനോടകം ഗുരുനാഥൻ മൂക്കുകൊണ്ടു പലതവണ മലയാള അക്ഷരമാലയിലെ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും വരച്ചു കഴിഞ്ഞിരുന്നു. അവസാനമായി റോഡ് ടെസ്റ്റ് എന്ന കടമ്പ കടക്കാൻ നിര്‍ബന്ധിതമായ 'H' എന്ന ആംഗലേയ ലിപി വാഹനം ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിക്കാനുള്ള തത്രപ്പാടുകൾ ആരംഭിച്ചു. ഒരു മൈതാനത്തു ഇരുമ്പു കമ്പികൾ 'H' എന്ന അക്ഷരത്തിന്റെ ആകൃതിയിൽ നാട്ടിയിട്ട് വണ്ടി അതിന്റെ ഇടയിൽകൂടി ഓടിച്ചോളാൻ പറഞ്ഞു. കൂടെ ഒരു താക്കീതും - ഓടിക്കുമ്പോൾ ഒരു കമ്പിയിൽ പോലും വണ്ടി മുട്ടരുത്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഞങ്ങൾ രണ്ടു പേരും മാറി മാറി പരിശ്രമിച്ചു നോക്കി. 'H' വരച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കമ്പി പോലും വിടാതെ എല്ലാം വീണിതല്ലോ കിടക്കുന്നു ഭൂമിയിൽ. ആര് നന്നായി പെർഫോം ചെയ്തു എന്നതിന് സാറിനോ ഞങ്ങൾക്കോ തർക്കമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ പഠിപ്പിച്ചു ക്ഷമാശീലം വേണ്ടുവോളം ആർജിച്ചതുകൊണ്ടാണെന്നു തോന്നുന്നു, ഗുരുനാഥൻ ശിഷ്യരെ കൈവെടിഞ്ഞില്ല. പരിശീലനം തുടർന്നുകൊണ്ടേ ഇരുന്നു. ഒടുക്കം മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിന് ശേഷം ഒരു കമ്പിയിൽ പോലും സ്പർശിക്കാതെ 'H' വരച്ചും നേരെ ചൊവ്വേ വണ്ടി ഓടിച്ചും ലൈസൻസ് എന്ന അമൂല്യ സ്വത്ത്‌ രണ്ടുപേരും കൈക്കലാക്കി. ഇത് നേടാൻവേണ്ടി ഞങ്ങളോടൊപ്പം മാസങ്ങളോളം  പ്രയത്നിച്ച അദ്ധ്യാപകന് നന്ദി പറഞ്ഞു ഞങ്ങൾ വിദ്യാലയത്തിന്റെ പടികൾ ഇറങ്ങി. ക്ഷമയുടെ നെല്ലി പലക കാണിച്ചു കൊടുത്തതിനു മനസ്സിലെങ്കിലും ഞങ്ങളോട് നന്ദി പറഞ്ഞിട്ടുണ്ടാവണം സാർ. 

വർഷങ്ങൾ പിന്നിട്ടു, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിതത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്കു രണ്ടുപേരും കടന്നു. വണ്ടി ഓടിച്ചില്ലെങ്കിലും ലൈസൻസ് ഉണ്ട് എന്ന് പറയാൻ വലിയ അഭിമാനം തോന്നിയിരുന്ന ഒരു കാലഘട്ടം. ടൗണിൽ പോകുമ്പോൾ പലപ്പോഴും ഈ ഡ്രൈവിംഗ് സ്കൂളിന്റെ മുന്നിലൂടെ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഗുരുനാഥൻ അദ്ധ്യാപനം തുടരുന്നുണ്ടോ എന്ന് തിരക്കാൻ കൂട്ടാക്കിയിട്ടില്ല. അങ്ങനെയിരിക്കെ ഒരു വാരാന്ത്യം നാട്ടിൽ ചെന്നപ്പോൾ മാതാപിതാക്കളോടൊപ്പം ഇടവക പള്ളിയിൽ കുർബാനയ്ക്കു പോകാൻ തീരുമാനിച്ചു. മടക്കയാത്രയിൽ പള്ളിയിലച്ചന്റെ വെള്ള കുപ്പായം അണിഞ്ഞ ഒരു വ്യക്തിയുടെ മുന്നിൽ ചെന്നുപെടുവാൻ  ഇടയായി.  വളരെ സുപരിചിതമായ ഒരു മുഖം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞൊടിയിടയിൽ ഞാൻ ആ സത്യം മനസിലാക്കി - അത് ഞങ്ങളുടെ ഗുരുനാഥൻ ആയിരുന്നു. ഞങ്ങളെ പഠിപ്പിച്ചു ഗുരുനാഥൻ ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ കാര്യം വളരെ വൈകി ഞാനും എന്റെ സുഹൃത്തും മനസിലാക്കി. ആത്മീയ ജീവിതത്തിനു സുപ്രധാനമായി വേണ്ട ഒരു ഒരു ഘടകമാണ് ക്ഷമ. അത് ധാരാളമായി നേടാൻ ഞങ്ങൾ സഹായിച്ചിട്ടുമുണ്ട്. 
- ജി

Friday, April 26, 2019

മിണ്ടാട്ടം മുട്ടിയ സമയങ്ങൾ

കോളേജ് വിദ്യാഭാസത്തിന് ശേഷം ഇനി എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ ഉള്ള സമയം. വിദ്യാഭ്യാസം അവസാനിപ്പിക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യതയിൽ നിന്ന് കരകയറപ്പെട്ടിട്ടു ഇല്ലാത്തതിനാൽ ജോലി ലഭിക്കുക എന്നത് ഒരു വലിയ ഭാഗ്യം ആയിരുന്നു ഈ കാലഘട്ടത്തിൽ. എന്തായാലും വെറുതെ ഇരുന്ന് സമയം കളയേണ്ട എന്നുകരുതി ഞാനും  എന്റെ ബാല്യകാല സുഹൃത്തും ചേർന്ന് ഒരു തീരുമാനം എടുത്തു - എന്തെങ്കിലും ഒരു കോഴ്‌സിന് ചേരാം കൂടെ ജോലിയും തപ്പാം. സ്കൂൾ കോളേജ് വിദ്യാഭ്യാസം കേരളത്തിനകത്തെ ഒരു ഗ്രാമപ്രദേശത്തെ ആയിരുന്നതിനാൽ  ആംഗലേയഭാഷ (english) കൈകാര്യം ചെയ്യുന്നതിൽ ദുർബ്ബലരാണെന്ന  തോന്നൽ എപ്പോഴും  ഉണ്ടായിരുന്നു (മുന്നോട്ട് ജോലിയിൽ പ്രവേശിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി അറിയണം എന്നുള്ള ചിന്ത ഉള്ളിൽ കയറിക്കൂടിയിരുന്നു). ഭാഷ മെച്ചപ്പെടുത്തണം, ജോലി തപ്പണം, കൂടെ സമയം കളയാതെ എന്തെങ്കിലും പഠിക്കണം എന്ന ഉദ്ദേശത്തോടെ തുടർന്നുള്ള  പഠനം കേരളത്തിന് പുറത്തു മതി എന്ന് രണ്ടുപേരും ചേർന്ന് തീരുമാനിച്ചു. അന്നത്തെ കാലത്തു അതിനു പറ്റിയ സ്ഥലം ബാംഗ്ലൂർ ആയിരുന്നതിനാൽ അതുതന്നെ തിരഞ്ഞെടുത്തു. ഈ ആഗ്രഹം രണ്ടുപേരും വീട്ടിൽ അവതരിപ്പിച്ചു. നാട്ടിൽ നിന്ന് ഏറ്റവും അടുത്തും പ്രാദേശിക രക്ഷാകർത്താവിനെ (local guardian) കണ്ടെത്താൻ രണ്ടുപേർക്കും ബുദ്ധിമുട്ട് ഇല്ലാതിരുന്നതിനാലും കൂട്ടുണ്ടല്ലോ എന്നതിനാലും  രണ്ട് കൂട്ടരുടെയും മാതാപിതാക്കൾ സമ്മതം മൂളി. അങ്ങനെ ഒത്തിരി സ്വപ്നങ്ങളോടെ ബാംഗ്ലൂർ എന്ന മഹാപട്ടണത്തിൽ വന്നിറങ്ങി. പ്രാദേശിക രക്ഷകർത്താക്കൾ കംപ്യൂട്ടറുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി (networking) പഠിക്കാൻ ഒരു സ്ഥലവും താമസിക്കാൻ ഒരു ഹോസ്റ്റലും കണ്ടുപിടിച്ചു വച്ചിരുന്നു. ഞങ്ങളെ ബാംഗ്ലൂർ ആക്കി മടങ്ങിയപ്പോൾ മാതാപിതാക്കൾ ഒരു കാര്യം പ്രത്യേകം ഉപദേശിച്ചു. നിങ്ങൾ ഭാഷ നൈപുണ്യം നേടുന്നതിന് പരസ്പരം ആംഗലേയ ഭാഷയിൽ സംസാരിക്കണം, തെറ്റുണ്ടെങ്കിലും മടിയോ ചമ്മലോ വിചാരിക്കേണ്ട.   രണ്ടുപേരും ഉപദേശങ്ങൾ അക്ഷരംപ്രതി കേട്ടു. ഇതേ അവസരത്തിൽ കോളേജിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ഒരു സുഹൃത്തും ജോലിതപ്പി എത്തി ഞങ്ങളുടെ കൂടെ കൂടി. അങ്ങനെ പതിയെ ഞങ്ങൾ ബാംഗ്ലൂരിനെ കൂടുതൽ അടുത്തറിയുവാൻ തുടങ്ങി. തിരക്കു പിടിച്ച പട്ടണ ജീവിതത്തിനിടയിൽ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓര്മിപ്പിച്ചുകൊണ്ടിരുന്നു - ഇന്ന് വൈകുന്നേരം മുതൽ പരസ്പരം ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കണം. മറ്റേയാൾ പൂർണ മനസ്സോടെ ആ തീരുമാനത്തെ പിന്തുണക്കുകയും ചെയ്യും. ലോകത്തുള്ള എല്ലാത്തിനെക്കുറിച്ചും ചർച്ച ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പകലത്തെ ജോലി തേടലും പഠിത്തവും കഴിഞ്ഞു ഹോസ്റ്റൽ മുറിയിൽ വന്നുകഴിയുമ്പോൾ പുതിയതായി കണ്ട സിനിമയുടെ കഥ അല്ലെങ്കിൽ രാമായണം, മഹാഭാരതം കഥകൾ ഇങ്ങനെ പലതും പറഞ്ഞും കേട്ടും സമയം ചിലവഴിച്ചു. ഈ കഥപറയുന്ന അവസരങ്ങളിൽ കഥയുടെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ ഒരാൾക്ക് പെട്ടെന്ന്  പകല്‍സമയം എടുത്ത തീരുമാനം ഓർമ്മവരും - ഇനി നമ്മൾ ഇംഗ്ലീഷിലേ സംസാരിക്കൂ. അതോടെ മിണ്ടാട്ടം മുട്ടിയ ഒരു അവസ്ഥയിൽ രണ്ടുപേരും ഇംഗ്ലീഷിൽ ശുഭരാത്രിയും ആശംസിച്ചു ഉറങ്ങാൻ പോകും. അന്നത്തെ ഇംഗ്ലീഷ് പഠിത്തം അതോടെ തീരും. ഈ പ്രതിജ്ഞ എടുക്കലും തുടർന്നുള്ള മൗനാചരണവും ബാംഗ്ലൂർ വിടുന്നവരെ തുടര്ന്നുകൊണ്ടേ ഇരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു എങ്കിലും അവസാനം മൂന്നുപേരും പേരുകേട്ട വിദേശ കമ്പനികളിൽ ജോലിക്കു കയറുകയും  വിദേശ രാജ്യങ്ങളിൽ പോയി ജോലിചെയ്യുകയും ആംഗലേയ ഭാഷ ഒരു ബുദ്ധിമുട്ടും കൂടാതെ കൈകാര്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു.
- ജി

Wednesday, April 24, 2019

കീറ്റോ സൂപ്പറാ

പതിവുപോലെ കഴിഞ്ഞ ക്രിസ്തുമസും നാട്ടിൽ കുടുംബത്തൊടൊപ്പം ചിലവിടാൻ തീരുമാനിച്ചു. ഒരു വർഷം കൂടി കാണുന്നതുകൊണ്ടോ അതോ ശെരിക്കും അതു സംഭവിച്ചതുകൊണ്ടോ എന്നറിയില്ല കണ്ടവരെല്ലാം ഭർത്താവിനോട് വണ്ണം വെച്ചു എന്ന് പറയാൻ തുടങ്ങി. ആ വാക്കുകൾ ഒരു ഇടിമിന്നൽ ആഘാതം ഉണ്ടാക്കിയതിനാലാണോ എന്തോ പ്രവാസജീവിതത്തിലേക്ക് മടങ്ങി അധികം വൈകാതെ വീട്ടിൽ ഒരു പ്രഖ്യാപനം നടന്നു. നാളെ മുതൽ ഞാൻ ഭക്ഷണക്രമത്തിൽ (ഡയറ്റിങ്) ആണ്. ഇതു കേട്ട ഞാൻ കേട്ടത് ശെരിയാണോ എന്ന് ഉറപ്പിക്കാൻ ഒന്നുകൂടെ എടുത്തുചോദിച്ചു. അതെ എന്റെ കേൾവിശക്തി പോയിട്ടില്ല. കേട്ടത് സത്യം. ഇതിനുമുൻപ് പല തവണ എളുപ്പത്തിൽ വണ്ണം കുറക്കാം എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ജി എം ഡയറ്റ്  (GM Diet) എടുത്തിട്ടുള്ളതിനാൽ ഇത്തവണയും അതിൽ ഒതുങ്ങും എന്ന് കരുതി ഞാൻ. അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനത്തെ അതിന്റെ മുഖവിലയ്ക്ക് എടുത്തതും ഇല്ല. എന്നിരുന്നാലും മനസ്സിൽ സന്തോഷം തോന്നി - തനിയെ തോന്നി ഈ നല്ല കാര്യം ചെയ്യുന്നതിന്. അങ്ങനെ ഇതെവിടെവരെ പോകും എന്ന് കാത്തിരുന്നുകാണാം എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത പ്രസ്താവന വന്നു - ഇനിമുതൽ ഞാൻ അന്നജം അഥവാ കാർബോഹൈഡ്രേറ്റ് (carbohydrates) ഉപേക്ഷിക്കുന്നു. പലതരത്തിലുള്ള ഭക്ഷണക്രമങ്ങളെക്കുറിച്ചു വായിച്ചിട്ടുണ്ടെങ്കിലും ഇതെന്തൊരു ഭക്ഷണക്രമം എന്ന ചിന്ത എന്റെ മനസ്സിൽ കൂടെ കടന്നുപോയി. മാത്രമല്ല മലയാളിയുടെ ഒഴിവാക്കാൻ കഴിയാത്ത കുത്തരിച്ചോറ് കഴിക്കാതെ എങ്ങനെ......? എന്താണെങ്കിലും ചെയ്യാൻ പോകുന്ന കീറ്റോ ഡയറ്റിനെക്കുറിച്ചും (keto Diet) അതിന്റെ വരുംവരായ്കകളെക്കുറിച്ചും എനിക്ക് വിശദമായ ഒരു ക്ലാസ് എടുത്തുതന്നു. ഡയറ്റിംഗിന്റെ ആദ്യപടി എന്നോണം ശരീരഭാഗം അളന്ന് രേഖപ്പെടുത്തി. തുടർന്ന് കീറ്റോ ഡയേറ്റിനെപ്പറ്റി ശേഖരിക്കാൻ പറ്റുന്ന രേഖകൾ എല്ലാം ശേഖരിച്ചു സ്വയമായി ഒരു ഭക്ഷണ വിവരപ്പട്ടിക (menu)  ഉണ്ടാക്കി.  ഇതെല്ലാം കാണുമ്പോഴും ആരംഭശൂരത്വം എന്നേ ഞാൻ കരുതിയുള്ളു. പാചകത്തിൽ പാടവമുണ്ട് എന്ന് അറിയാവുന്നതുകൊണ്ട് പ്രത്യേകശാസ്ത്രപ്രകാരം ഉണ്ടാക്കേണ്ട ഭക്ഷണങ്ങൾ സ്വയം പാചകം ചെയ്യാൻ മടികാണിക്കില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന കീറ്റോ ഡയറ്റിങ് ആരംഭിച്ചു. ഏറിയാൽ ഒരാഴ്ച്ചക്കാലം ഈ പരിപാടി തുടരും എന്നേ ഞാൻ കരുത്തിയുള്ളു. എന്നാൽ ദിവസങ്ങൾ കടന്നുപോകുംതോറും അതിലുള്ള ആത്മസമർപ്പണം കൂടിക്കൂടി വന്നു. എനിക്കിന്ന്  എത്ര ഭക്ഷണം കഴിക്കാം, അതിൽ ഞാൻ എത്ര കഴിച്ചു, ഇനി എന്ത് കഴിച്ചാൽ പരിധിക്കുള്ളിൽ നിൽക്കും എന്ന തരത്തിൽ ഉള്ള സംസാരങ്ങൾ കൂടുതലായി കണ്ടുതുടങ്ങി. ഓരോ ദിവസവും എഴുന്നേറ്റുകഴിഞ്ഞാൽ പ്രഭാതകൃത്യങ്ങൾക്ക് ശേഷം വാലിന് തീ പിടിച്ചപോലെ ത്രാസ് (weighing scale) ന് നേരെ ആയി ഓട്ടം. ഡയറ്റിൽ പറഞ്ഞിട്ടുള്ള അളവിൽനിന്ന് അണുവിട തെറ്റിയാൽ പിന്നെ കിലോമീറ്റർസ്   ആൻഡ് കിലോമീറ്റർസ്  (kilometers & kilometeres) നടപ്പും ഓട്ടവും തുടങ്ങി. പുറത്തു കഴിക്കാൻപോയാലും അതിര്‍ത്തി കടന്നിട്ടില്ല എന്ന് ബോധ്യമായാൽ മാത്രമേ ഭക്ഷണം കഴിക്കൂ എന്ന അവസ്ഥയായി. ഇതിനെല്ലാം സാക്ഷിയായ എനിക്ക് ഒരു കാര്യം ബോധ്യമായി - ഒരു സിനിമയിൽ പറഞ്ഞതുപോലെ ന്യൂറോസിസും സൈക്കൊസിസും കഴിഞ്ഞു കാര്യങ്ങൾ അടുത്ത തലത്തിൽ എത്തിനിൽക്കുന്നു. ഇതെല്ലാം കണ്ട പുത്രൻ എന്തോ സംഭവിക്കുന്നു എന്ന് മനസിലാക്കി അവന്റേതായ ഭാഷയിൽ "അപ്പ നോ മോർ കാര്ബോഹൈഡ്രേറ്റ്" (appa no more carbohydrates) എന്ന് കൂടെ കൂടെ ഓർമ്മപെടുത്താൻ തുടങ്ങി. കാര്യമായി പറഞ്ഞാൽ കീറ്റോ ഡയറ്റ് തുടങ്ങി അധികം താമസിക്കാതെ തന്നെ കഷ്ടപ്പാടുകൾക്ക് പ്രതിഫലം കണ്ടുതുടങ്ങി. അങ്ങനെയിരിക്കെ കീറ്റോ ഡയറ്റ് തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു പ്രഖ്യാപനം - ഇനിമുതൽ ഞാൻ ഡയറ്റിങ് തുടരുന്നില്ല. അങ്ങനെ കഠിന പ്രയത്നത്തിന്റെ പരിണിതഫലമായി 12 കിലോ തൂക്കം കുറച്ച് കൃശഗാത്രനായിത്തീർന്നു. കീറ്റോ ഡയറ്റ് സൂപ്പറാ. 

Monday, April 22, 2019

ഒരു മാക്കറോൺ ചരിതം

ഫ്രഞ്ച് മാക്കറോൺ (macarons ) അഥവാ മാക്കറോണിനോട് ഉള്ള ഇഷ്ട്ടം യാദ്രശ്ചികമായിട്ടാണ് തുടങ്ങിയത്. അമേരിക്കൻ പ്രവാസ കാലത്തു പല ബേക്കറികളിലും ചില്ലു കൂട്ടിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്ന മാക്കറോൺസ് എന്നും ഒരു കൗതുകം ആയിരുന്നു. എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ രുചിക്കണം എന്ന്  To  Do List ഇൽ എഴുതി ചേർത്ത ഒരു ഐറ്റം ആയിരുന്നു ഇത്. ഒരിക്കൽ ഒരു മാൾ സന്ദർശന വേളയിൽ ആ മക്കറോൺസ് വാങ്ങാൻ ഇടയായി. ഞാനും പുത്രനും ഓരോന്ന് വീതം കഴിച്ചു. രണ്ടു പേർക്കും അതിന്റെ രുചി നന്നേ ബോധിച്ചു. പുത്രൻ ഒരെണ്ണം കൂടി ചോദിച്ചപ്പോൾ വീട്ടിൽ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു തടി തപ്പി. എന്നിരുന്നാലും എന്റെ മനസ്സിൽ മക്കറോൺ ഉണ്ടാക്കി നോക്കണം എന്ന ആഗ്രഹം വർധിച്ചു വന്നു കൊണ്ടേ ഇരുന്നു. അങ്ങനെ ഇന്റർനെറ്റിന്റെ സഹായത്തോടെ പലതരം പാചക കുറിപ്പുകൾ തേടാൻ തുടങ്ങി. ഒടുവിൽ അധികം ബുദ്ധിമുട്ടില്ലാത്ത ഒരു പാചക കുറിപ്പ് കണ്ടു പിടിച്ചു അത് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. അങ്ങനെ കടയിൽ പോയി വേണ്ടുന്ന ചേരുവകകൾ എല്ലാം ശേഖരിക്കാൻ തുടങ്ങി. അപ്പോഴേക്കും അൻപത് നോമ്പ് വാതിൽക്കൽ എത്തി. നോമ്പ് തുടങ്ങിയ വാരം തന്നെ ആദ്യ പരീക്ഷണം നടത്തി. അതൊരു വിജയം പോയിട്ട് മഹാ പരാജയം ആയിമാറി. മൂന്നര വയസുകാരൻ പുത്രന് മാക്കറോണിന് പകരം almond ബിസ്‌ക്കറ് ആണെന്ന് പറഞ്ഞു ഉണ്ടാക്കിയത് കൊടുത്തു. വളരെ സന്തോഷത്തോടെ അവൻ അത് അകത്താക്കി.   മനസ്സിൽ ലഡു പൊട്ടി എന്റെ പരീക്ഷണം ഒരാളെങ്കിലും കഴിച്ചല്ലോ എന്നോർത്ത്. വിജയിക്കണം എന്ന ആഗ്രഹം മനസ്സിൽ അതിയായതോതിൽ ഉണ്ടായിരുന്നതിനാൽ പരീക്ഷണം വീണ്ടും തുടർന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പരാജയത്തിന് ശേഷം ഒരു തീരുമാനം എടുത്തു. ഈസ്റ്റർനു മുൻപെ ഒരു പരീക്ഷണം വിജയിപ്പിച്ചിരിക്കും. എന്റെ കഠിന പ്രയത്നത്തിൽ അലിവുതോന്നിയ ഭർത്താവും സഹായഹസ്തം നീട്ടി. അതിനുള്ളിൽ പുത്രൻ മാക്കറോൺ എന്ന് പറഞ്ഞു ഉണ്ടാക്കുന്ന സാധനം കൊടുത്താൽ ഓടും എന്ന അവസ്ഥ ആയി (അത്ര തവണ പരീക്ഷണം പരാജയപെട്ടു എന്ന് ചുരുക്കം). മാക്കറോണിന്റെ പ്രത്യേകത ആയ കാൽ (feet) ഉണ്ടാക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പതിയെ അത് ശരിയായി വരാൻ തുടങ്ങി.  പക്ഷെ പൊള്ളയായ ഷെൽ ഒരു പ്രശ്നമായി തുടർന്നു. ഒടുവിൽ Do or Die  എന്ന ആംഗലിക വാചകം മനസ്സിൽ ഓർത്തു ഈറ്ററിന്റെ തലേദിവസം ഒരു അവസാന പരീക്ഷണം നടത്തി. ഇതിൽ പരാജയപ്പെട്ടാൽ ഇനി ഈ വീട്ടിൽ മാക്കറോണിന്റെ മ  പോലും ഉച്ചരിക്കില്ല എന്ന പ്രതിജ്ഞയോടെ. ഒടുവിൽ ഒരു വലിയൻ നോമ്പിന്റെ അത്രയും നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ആദ്യത്തെ വിജയകരമായ മാക്കറോൺ ഓവനിൽ നിന്ന് പുറത്തുവന്നു, യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പിന്റെ ഓർമ്മക്ക് സാക്ഷിയാകാൻ എന്നപോലെ. അവസാന പരീക്ഷണത്തിൽ പുത്രന്റെ ധാർമിക പിന്തുണയും പ്രോത്സാഹനവും പ്രശംസനാർഹം തന്നെ. അങ്ങനെ ഈ വീട്ടിൽ മാക്കറോൺ വീണ്ടും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായി.
- ജി

Friday, April 12, 2019

വല്ലപ്പോഴും വീണുകിട്ടുന്ന സംഗീത സായാഹ്നങ്ങൾ

കലാപാരമ്പര്യം ഉള്ള ഒരു കുടുംബം അല്ലെങ്കിലും കലയെ സ്നേഹിക്കുന്ന ഒരു പാരമ്പര്യം ഉള്ള കുടുംബത്തിൽ ആണ് എന്റെ ജനനം. കലയോടുള്ള സ്നേഹമോ അതോ അവസരം കിട്ടാതെപോയതിലുള്ള ദുഃഖംകൊണ്ടോ നന്നേ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഞങ്ങളെ പാട്ടിന്റെയും നൃത്തത്തിന്റെയും വഴികൾ കാണിച്ചുതരികയും അത് അഭ്യസിക്കാൻ അവസരങ്ങൾ ഒരുക്കിത്തരികയും ചെയ്തു. ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്ള ഒരു കുടുംബസാഹചര്യത്തിൽ വളർന്നതിനാൽ സായാഹ്നങ്ങൾ ഒത്തുകൂടൽ വേദികൾ ആയിരുന്നില്ല. ഞായറാഴ്ചകൾ മാത്രം ഒഴിവുദിനങ്ങൾ ആയുള്ള (അതും മറ്റു പരിപാടികൾ ഇല്ലെങ്കിൽ മാത്രം) ഒരു ജീവിത ശൈലി ആയിരുന്നു അവലംബിച്ചിരുന്നത്. എന്നിരുന്നാലും വല്ലപ്പോഴും വീണു കിട്ടുന്ന ഈ ഒത്തുകൂടൽ അവസരങ്ങൾ സംഗീതത്തിനായി മാറ്റി വച്ചിട്ടുള്ള ദിനങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ പാട്ടുകാർ അല്ലെങ്കിലും തങ്ങളുടെ കഴിവുകൾ പോലെ പ്രിയഗാനങ്ങൾ പാടുവാൻ എല്ലാവരും ശ്രമിച്ചിരുന്നു ഈ സായാഹ്നങ്ങളിൽ. ഞങ്ങളുടെ ചെറുപ്പകാലത്തെ യേശുദാസിന്റേയും ചിത്രയുടെയും (അന്നത്തെ സുപ്രസിദ്ധ പാട്ടുകാർ) മുഖചിത്രമുള്ള ഏറ്റവും പുതിയ ചലച്ചിത്രഗാനങ്ങൾ എന്ന പുസ്തകം മിക്കവാറും വാങ്ങുന്നത് അമ്മയാണ്. അങ്ങനെ പല കാലഘട്ടങ്ങളിൽ വാങ്ങിയ പുസ്തകങ്ങളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ തിരഞ്ഞെടുത്തു പാടുന്നതിൽ എല്ലാവരും സന്തോഷം കണ്ടെത്തിയിരുന്നു. ഈ വിരളമായി കിട്ടുന്ന സായാന്ഹങ്ങൾ ചിലപ്പോഴെങ്കിലും മണിക്കുറുകൾ താണ്ടി സന്ധ്യയും കഴിഞ്ഞു രാത്രി വിശപ്പിന്റെ വിളിൽ വരുന്ന വരെ നീണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.  പഴയതും അന്നത്തെ പുതിയതുമായ അനവധി ഗാനങ്ങൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കാനും ഇഷ്ട്ടപ്പെടുവാനും ഈ സംഗീത സായാഹ്നങ്ങൾ ഒരു കാരണമാകാം. അപ്പയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായ നിത്യവിശുദ്ധയാം എന്ന മനോഹര ഗാനം പാടാത്ത ഒരു ഒത്തുകൂടൽ പോലും ഉണ്ടായിരുന്നില്ല. വർഷങ്ങൾ പിന്നിടുമ്പോളും ഈ സായംസന്ധ്യകൾ ആകാം പഴയകാല മലയാള ചലച്ചിത്രഗാനങ്ങളെ ഇന്നും സ്നേഹിക്കാനും അടുത്ത തലമുറക്ക് പറഞ്ഞും പാടിയും കൊടുക്കാനും ഒരു പ്രജോദനം ആകുന്നത്. 
- ജി

Thursday, April 11, 2019

ടൗൺഹാൾ

ഞങ്ങളുടെ ചെറുപ്പത്തിൽ കൂത്താട്ടുകുളത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു ടൗൺഹാൾ. കലയെ സ്നേഹിക്കുന്ന ഒരു ഗ്രാമം ആയതിനാൽ അനവധി നാടകങ്ങൾക്കും ഗാനമേളകൾക്കും അരങ്ങൊരുക്കിയ ഒരു ഇടം ആയിരുന്നു ഈ കെട്ടിടം. ശനിയാഴ്ചകളുടെ  സന്ധ്യകളിൽ  വർണപ്പകിട്ടാർന്ന കലാസന്ധ്യകൾ ആസ്വദിച്ച ഓടുപാട്‌ ഓർമ്മകൾ എന്റെ മനസ്സിൽ ഇന്നും മങ്ങാത്ത ഓർമ്മകളായി നിലനിൽക്കുന്നു. ടൗൺഹാളിനോട് അനുബന്ധിച് പ്രവർത്തിക്കുന്ന കേളി ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു പരിപാടി ഇവിടെ അവതരിക്കപ്പെടും. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള പ്രഗത്ഭരായ ട്രൂപ്പുകളുടെ നാടകം, ഗാനമേള, പ്രഗത്ഭരുടെ ശാസ്ത്രീയസംഗീത കച്ചേരികൾ അങ്ങനെ നീളുന്നു ആ പട്ടിക. അപ്പയുടെ കൂടെ അമ്മയുടെ കൈയ്‌യും പിടിച്ചു നിരവധി തവണ ഈ കലാസന്ധ്യകൾക്ക് സാക്ഷിയായത് ഓർക്കുന്നു. രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ അരങ്ങിൽ ആളുകൾ ആടിയും പാടിയും തകർക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞുമനസുകൾക്ക് അത് എത്രത്തോളം ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതേ ടൗൺഹാളിൽ പല തവണ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി ഈ അവസരത്തിൽ  ഓർക്കുന്നു. ആ കൂട്ടത്തിൽ ഓർമയിൽ ആദ്യം ഓടിയെത്തുന്നതും ഇതുവരെ മായാതെ കിടക്കുന്നതും എന്റെ ശാസ്ത്രീയസംഗീത അരങ്ങേറ്റം, നവരാത്രി ആഘോഷങ്ങൾക്ക് അനുബന്ധമായി നടത്തുന്ന പരിപാടികൾ, സഹോദരന്റെ നഴ്സറി ആനിവേഴ്സറി ആഘോഷങ്ങൾ എല്ലാം ആണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതെല്ലാം നമ്മുക്ക് എക്കാലവും കാത്തുസൂക്ഷിക്കാൻ പറ്റുന്ന സുന്ദര ഓർമ്മകൾ. കാലം മാറി. ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് കൂത്താട്ടുകുളം ഇന്നൊരു പട്ടണമായി മാറി കഴിഞ്ഞു. വലിയ കെട്ടിട സമുച്ചയങ്ങൾ വന്നു. എങ്കിലും ഇന്നും ആ ടൗൺഹാൾ നിലകൊള്ളുന്നു - പഴമയെ ഓർമ്മിപ്പിക്കാൻ എന്നവണ്ണം.
- ജി

ഒരു യമണ്ടൻ അമളി

സായിപ്പിന്റെ നാട്ടിൽ അല്ല ജനിച്ചതെങ്കിലും ചെയ്യുന്ന തൊഴിലിനും ഉപജീവനത്തിനും ആംഗലേയ ഭാഷ അത്യാവശ്യം എന്ന് കണ്ടപ്പോൾ അറിയാതെ തന്നെ പഠിച്ചുപോ...