കോളേജ് വിദ്യാഭാസത്തിന് ശേഷം ഇനി എന്ത് എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ ഉള്ള സമയം. വിദ്യാഭ്യാസം അവസാനിപ്പിക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യതയിൽ നിന്ന് കരകയറപ്പെട്ടിട്ടു ഇല്ലാത്തതിനാൽ ജോലി ലഭിക്കുക എന്നത് ഒരു വലിയ ഭാഗ്യം ആയിരുന്നു ഈ കാലഘട്ടത്തിൽ. എന്തായാലും വെറുതെ ഇരുന്ന് സമയം കളയേണ്ട എന്നുകരുതി ഞാനും എന്റെ ബാല്യകാല സുഹൃത്തും ചേർന്ന് ഒരു തീരുമാനം എടുത്തു - എന്തെങ്കിലും ഒരു കോഴ്‌സിന് ചേരാം കൂടെ ജോലിയും തപ്പാം. സ്കൂൾ കോളേജ് വിദ്യാഭ്യാസം കേരളത്തിനകത്തെ ഒരു ഗ്രാമപ്രദേശത്തെ ആയിരുന്നതിനാൽ ആംഗലേയഭാഷ (english) കൈകാര്യം ചെയ്യുന്നതിൽ ദുർബ്ബലരാണെന്ന തോന്നൽ എപ്പോഴും ഉണ്ടായിരുന്നു (മുന്നോട്ട് ജോലിയിൽ പ്രവേശിക്കുമ്പോൾ ഇംഗ്ലീഷ് നന്നായി അറിയണം എന്നുള്ള ചിന്ത ഉള്ളിൽ കയറിക്കൂടിയിരുന്നു). ഭാഷ മെച്ചപ്പെടുത്തണം, ജോലി തപ്പണം, കൂടെ സമയം കളയാതെ എന്തെങ്കിലും പഠിക്കണം എന്ന ഉദ്ദേശത്തോടെ തുടർന്നുള്ള പഠനം കേരളത്തിന് പുറത്തു മതി എന്ന് രണ്ടുപേരും ചേർന്ന് തീരുമാനിച്ചു. അന്നത്തെ കാലത്തു അതിനു പറ്റിയ സ്ഥലം ബാംഗ്ലൂർ ആയിരുന്നതിനാൽ അതുതന്നെ തിരഞ്ഞെടുത്തു. ഈ ആഗ്രഹം രണ്ടുപേരും വീട്ടിൽ അവതരിപ്പിച്ചു. നാട്ടിൽ നിന്ന് ഏറ്റവും അടുത്തും പ്രാദേശിക രക്ഷാകർത്താവിനെ (local guardian) കണ്ടെത്താൻ രണ്ടുപേർക്കും ബുദ്ധിമുട്ട് ഇല്ലാതിരുന്നതിനാലും കൂട്ടുണ്ടല്ലോ എന്നതിനാലും രണ്ട് കൂട്ടരുടെയും മാതാപിതാക്കൾ സമ്മതം മൂളി. അങ്ങനെ ഒത്തിരി സ്വപ്നങ്ങളോടെ ബാംഗ്ലൂർ എന്ന മഹാപട്ടണത്തിൽ വന്നിറങ്ങി. പ്രാദേശിക രക്ഷകർത്താക്കൾ കംപ്യൂട്ടറുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി (networking) പഠിക്കാൻ ഒരു സ്ഥലവും താമസിക്കാൻ ഒരു ഹോസ്റ്റലും കണ്ടുപിടിച്ചു വച്ചിരുന്നു. ഞങ്ങളെ ബാംഗ്ലൂർ ആക്കി മടങ്ങിയപ്പോൾ മാതാപിതാക്കൾ ഒരു കാര്യം പ്രത്യേകം ഉപദേശിച്ചു. നിങ്ങൾ ഭാഷ നൈപുണ്യം നേടുന്നതിന് പരസ്പരം ആംഗലേയ ഭാഷയിൽ സംസാരിക്കണം, തെറ്റുണ്ടെങ്കിലും മടിയോ ചമ്മലോ വിചാരിക്കേണ്ട. രണ്ടുപേരും ഉപദേശങ്ങൾ അക്ഷരംപ്രതി കേട്ടു. ഇതേ അവസരത്തിൽ കോളേജിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ഒരു സുഹൃത്തും ജോലിതപ്പി എത്തി ഞങ്ങളുടെ കൂടെ കൂടി. അങ്ങനെ പതിയെ ഞങ്ങൾ ബാംഗ്ലൂരിനെ കൂടുതൽ അടുത്തറിയുവാൻ തുടങ്ങി. തിരക്കു പിടിച്ച പട്ടണ ജീവിതത്തിനിടയിൽ രണ്ടുപേരും ഇടയ്ക്കിടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓര്മിപ്പിച്ചുകൊണ്ടിരുന്നു - ഇന്ന് വൈകുന്നേരം മുതൽ പരസ്പരം ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കണം. മറ്റേയാൾ പൂർണ മനസ്സോടെ ആ തീരുമാനത്തെ പിന്തുണക്കുകയും ചെയ്യും. ലോകത്തുള്ള എല്ലാത്തിനെക്കുറിച്ചും ചർച്ച ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പകലത്തെ ജോലി തേടലും പഠിത്തവും കഴിഞ്ഞു ഹോസ്റ്റൽ മുറിയിൽ വന്നുകഴിയുമ്പോൾ പുതിയതായി കണ്ട സിനിമയുടെ കഥ അല്ലെങ്കിൽ രാമായണം, മഹാഭാരതം കഥകൾ ഇങ്ങനെ പലതും പറഞ്ഞും കേട്ടും സമയം ചിലവഴിച്ചു. ഈ കഥപറയുന്ന അവസരങ്ങളിൽ കഥയുടെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ ഒരാൾക്ക് പെട്ടെന്ന് പകല്‍സമയം എടുത്ത തീരുമാനം ഓർമ്മവരും - ഇനി നമ്മൾ ഇംഗ്ലീഷിലേ സംസാരിക്കൂ. അതോടെ മിണ്ടാട്ടം മുട്ടിയ ഒരു അവസ്ഥയിൽ രണ്ടുപേരും ഇംഗ്ലീഷിൽ ശുഭരാത്രിയും ആശംസിച്ചു ഉറങ്ങാൻ പോകും. അന്നത്തെ ഇംഗ്ലീഷ് പഠിത്തം അതോടെ തീരും. ഈ പ്രതിജ്ഞ എടുക്കലും തുടർന്നുള്ള മൗനാചരണവും ബാംഗ്ലൂർ വിടുന്നവരെ തുടര്ന്നുകൊണ്ടേ ഇരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നു എങ്കിലും അവസാനം മൂന്നുപേരും പേരുകേട്ട വിദേശ കമ്പനികളിൽ ജോലിക്കു കയറുകയും വിദേശ രാജ്യങ്ങളിൽ പോയി ജോലിചെയ്യുകയും ആംഗലേയ ഭാഷ ഒരു ബുദ്ധിമുട്ടും കൂടാതെ കൈകാര്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു.
- ജി
- ജി
4 comments:
എന്നിട്ടും മലയാള സാഹിത്യം മറന്നില്ല!!!
:) Nice
Ahh funny n nice
Nostalgic
Post a Comment