ഫ്രഞ്ച് മാക്കറോൺ (macarons ) അഥവാ മാക്കറോണിനോട് ഉള്ള ഇഷ്ട്ടം യാദ്രശ്ചികമായിട്ടാണ് തുടങ്ങിയത്. അമേരിക്കൻ പ്രവാസ കാലത്തു പല ബേക്കറികളിലും ചില്ലു കൂട്ടിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്ന മാക്കറോൺസ് എന്നും ഒരു കൗതുകം ആയിരുന്നു. എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ രുചിക്കണം എന്ന് To Do List ഇൽ എഴുതി ചേർത്ത ഒരു ഐറ്റം ആയിരുന്നു ഇത്. ഒരിക്കൽ ഒരു മാൾ സന്ദർശന വേളയിൽ ആ മക്കറോൺസ് വാങ്ങാൻ ഇടയായി. ഞാനും പുത്രനും ഓരോന്ന് വീതം കഴിച്ചു. രണ്ടു പേർക്കും അതിന്റെ രുചി നന്നേ ബോധിച്ചു. പുത്രൻ ഒരെണ്ണം കൂടി ചോദിച്ചപ്പോൾ വീട്ടിൽ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു തടി തപ്പി. എന്നിരുന്നാലും എന്റെ മനസ്സിൽ മക്കറോൺ ഉണ്ടാക്കി നോക്കണം എന്ന ആഗ്രഹം വർധിച്ചു വന്നു കൊണ്ടേ ഇരുന്നു. അങ്ങനെ ഇന്റർനെറ്റിന്റെ സഹായത്തോടെ പലതരം പാചക കുറിപ്പുകൾ തേടാൻ തുടങ്ങി. ഒടുവിൽ അധികം ബുദ്ധിമുട്ടില്ലാത്ത ഒരു പാചക കുറിപ്പ് കണ്ടു പിടിച്ചു അത് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു. അങ്ങനെ കടയിൽ പോയി വേണ്ടുന്ന ചേരുവകകൾ എല്ലാം ശേഖരിക്കാൻ തുടങ്ങി. അപ്പോഴേക്കും അൻപത് നോമ്പ് വാതിൽക്കൽ എത്തി. നോമ്പ് തുടങ്ങിയ വാരം തന്നെ ആദ്യ പരീക്ഷണം നടത്തി. അതൊരു വിജയം പോയിട്ട് മഹാ പരാജയം ആയിമാറി. മൂന്നര വയസുകാരൻ പുത്രന് മാക്കറോണിന് പകരം almond ബിസ്‌ക്കറ് ആണെന്ന് പറഞ്ഞു ഉണ്ടാക്കിയത് കൊടുത്തു. വളരെ സന്തോഷത്തോടെ അവൻ അത് അകത്താക്കി. മനസ്സിൽ ലഡു പൊട്ടി എന്റെ പരീക്ഷണം ഒരാളെങ്കിലും കഴിച്ചല്ലോ എന്നോർത്ത്. വിജയിക്കണം എന്ന ആഗ്രഹം മനസ്സിൽ അതിയായതോതിൽ ഉണ്ടായിരുന്നതിനാൽ പരീക്ഷണം വീണ്ടും തുടർന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പരാജയത്തിന് ശേഷം ഒരു തീരുമാനം എടുത്തു. ഈസ്റ്റർനു മുൻപെ ഒരു പരീക്ഷണം വിജയിപ്പിച്ചിരിക്കും. എന്റെ കഠിന പ്രയത്നത്തിൽ അലിവുതോന്നിയ ഭർത്താവും സഹായഹസ്തം നീട്ടി. അതിനുള്ളിൽ പുത്രൻ മാക്കറോൺ എന്ന് പറഞ്ഞു ഉണ്ടാക്കുന്ന സാധനം കൊടുത്താൽ ഓടും എന്ന അവസ്ഥ ആയി (അത്ര തവണ പരീക്ഷണം പരാജയപെട്ടു എന്ന് ചുരുക്കം). മാക്കറോണിന്റെ പ്രത്യേകത ആയ കാൽ (feet) ഉണ്ടാക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പതിയെ അത് ശരിയായി വരാൻ തുടങ്ങി. പക്ഷെ പൊള്ളയായ ഷെൽ ഒരു പ്രശ്നമായി തുടർന്നു. ഒടുവിൽ Do or Die എന്ന ആംഗലിക വാചകം മനസ്സിൽ ഓർത്തു ഈറ്ററിന്റെ തലേദിവസം ഒരു അവസാന പരീക്ഷണം നടത്തി. ഇതിൽ പരാജയപ്പെട്ടാൽ ഇനി ഈ വീട്ടിൽ മാക്കറോണിന്റെ മ പോലും ഉച്ചരിക്കില്ല എന്ന പ്രതിജ്ഞയോടെ. ഒടുവിൽ ഒരു വലിയൻ നോമ്പിന്റെ അത്രയും നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ആദ്യത്തെ വിജയകരമായ മാക്കറോൺ ഓവനിൽ നിന്ന് പുറത്തുവന്നു, യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പിന്റെ ഓർമ്മക്ക് സാക്ഷിയാകാൻ എന്നപോലെ. അവസാന പരീക്ഷണത്തിൽ പുത്രന്റെ ധാർമിക പിന്തുണയും പ്രോത്സാഹനവും പ്രശംസനാർഹം തന്നെ. അങ്ങനെ ഈ വീട്ടിൽ മാക്കറോൺ വീണ്ടും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായി.
- ജി
- ജി

4 comments:
Congratulations for the effort and victory
I had the privilege to taste this beauty😋. Keep trying Jincy
Wonderful narration
Commendable work
Post a Comment