ഞങ്ങളുടെ ചെറുപ്പത്തിൽ കൂത്താട്ടുകുളത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു ടൗൺഹാൾ. കലയെ സ്നേഹിക്കുന്ന ഒരു ഗ്രാമം ആയതിനാൽ അനവധി നാടകങ്ങൾക്കും ഗാനമേളകൾക്കും അരങ്ങൊരുക്കിയ ഒരു ഇടം ആയിരുന്നു ഈ കെട്ടിടം. ശനിയാഴ്ചകളുടെ സന്ധ്യകളിൽ വർണപ്പകിട്ടാർന്ന കലാസന്ധ്യകൾ ആസ്വദിച്ച ഓടുപാട് ഓർമ്മകൾ എന്റെ മനസ്സിൽ ഇന്നും മങ്ങാത്ത ഓർമ്മകളായി നിലനിൽക്കുന്നു. ടൗൺഹാളിനോട് അനുബന്ധിച് പ്രവർത്തിക്കുന്ന കേളി ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു പരിപാടി ഇവിടെ അവതരിക്കപ്പെടും. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള പ്രഗത്ഭരായ ട്രൂപ്പുകളുടെ നാടകം, ഗാനമേള, പ്രഗത്ഭരുടെ ശാസ്ത്രീയസംഗീത കച്ചേരികൾ അങ്ങനെ നീളുന്നു ആ പട്ടിക. അപ്പയുടെ കൂടെ അമ്മയുടെ കൈയ്യും പിടിച്ചു നിരവധി തവണ ഈ കലാസന്ധ്യകൾക്ക് സാക്ഷിയായത് ഓർക്കുന്നു. രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ അരങ്ങിൽ ആളുകൾ ആടിയും പാടിയും തകർക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞുമനസുകൾക്ക് അത് എത്രത്തോളം ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതേ ടൗൺഹാളിൽ പല തവണ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി ഈ അവസരത്തിൽ ഓർക്കുന്നു. ആ കൂട്ടത്തിൽ ഓർമയിൽ ആദ്യം ഓടിയെത്തുന്നതും ഇതുവരെ മായാതെ കിടക്കുന്നതും എന്റെ ശാസ്ത്രീയസംഗീത അരങ്ങേറ്റം, നവരാത്രി ആഘോഷങ്ങൾക്ക് അനുബന്ധമായി നടത്തുന്ന പരിപാടികൾ, സഹോദരന്റെ നഴ്സറി ആനിവേഴ്സറി ആഘോഷങ്ങൾ എല്ലാം ആണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതെല്ലാം നമ്മുക്ക് എക്കാലവും കാത്തുസൂക്ഷിക്കാൻ പറ്റുന്ന സുന്ദര ഓർമ്മകൾ. കാലം മാറി. ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് കൂത്താട്ടുകുളം ഇന്നൊരു പട്ടണമായി മാറി കഴിഞ്ഞു. വലിയ കെട്ടിട സമുച്ചയങ്ങൾ വന്നു. എങ്കിലും ഇന്നും ആ ടൗൺഹാൾ നിലകൊള്ളുന്നു - പഴമയെ ഓർമ്മിപ്പിക്കാൻ എന്നവണ്ണം.
- ജി
- ജി
No comments:
Post a Comment