കലാപാരമ്പര്യം ഉള്ള ഒരു കുടുംബം അല്ലെങ്കിലും കലയെ സ്നേഹിക്കുന്ന ഒരു പാരമ്പര്യം ഉള്ള കുടുംബത്തിൽ ആണ് എന്റെ ജനനം. കലയോടുള്ള സ്നേഹമോ അതോ അവസരം കിട്ടാതെപോയതിലുള്ള ദുഃഖംകൊണ്ടോ നന്നേ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഞങ്ങളെ പാട്ടിന്റെയും നൃത്തത്തിന്റെയും വഴികൾ കാണിച്ചുതരികയും അത് അഭ്യസിക്കാൻ അവസരങ്ങൾ ഒരുക്കിത്തരികയും ചെയ്തു. ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്ള ഒരു കുടുംബസാഹചര്യത്തിൽ വളർന്നതിനാൽ സായാഹ്നങ്ങൾ ഒത്തുകൂടൽ വേദികൾ ആയിരുന്നില്ല. ഞായറാഴ്ചകൾ മാത്രം ഒഴിവുദിനങ്ങൾ ആയുള്ള (അതും മറ്റു പരിപാടികൾ ഇല്ലെങ്കിൽ മാത്രം) ഒരു ജീവിത ശൈലി ആയിരുന്നു അവലംബിച്ചിരുന്നത്. എന്നിരുന്നാലും വല്ലപ്പോഴും വീണു കിട്ടുന്ന ഈ ഒത്തുകൂടൽ അവസരങ്ങൾ സംഗീതത്തിനായി മാറ്റി വച്ചിട്ടുള്ള ദിനങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ പാട്ടുകാർ അല്ലെങ്കിലും തങ്ങളുടെ കഴിവുകൾ പോലെ പ്രിയഗാനങ്ങൾ പാടുവാൻ എല്ലാവരും ശ്രമിച്ചിരുന്നു ഈ സായാഹ്നങ്ങളിൽ. ഞങ്ങളുടെ ചെറുപ്പകാലത്തെ യേശുദാസിന്റേയും ചിത്രയുടെയും (അന്നത്തെ സുപ്രസിദ്ധ പാട്ടുകാർ) മുഖചിത്രമുള്ള ഏറ്റവും പുതിയ ചലച്ചിത്രഗാനങ്ങൾ എന്ന പുസ്തകം മിക്കവാറും വാങ്ങുന്നത് അമ്മയാണ്. അങ്ങനെ പല കാലഘട്ടങ്ങളിൽ വാങ്ങിയ പുസ്തകങ്ങളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ തിരഞ്ഞെടുത്തു പാടുന്നതിൽ എല്ലാവരും സന്തോഷം കണ്ടെത്തിയിരുന്നു. ഈ വിരളമായി കിട്ടുന്ന സായാന്ഹങ്ങൾ ചിലപ്പോഴെങ്കിലും മണിക്കുറുകൾ താണ്ടി സന്ധ്യയും കഴിഞ്ഞു രാത്രി വിശപ്പിന്റെ വിളിൽ വരുന്ന വരെ നീണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പഴയതും അന്നത്തെ പുതിയതുമായ അനവധി ഗാനങ്ങൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കാനും ഇഷ്ട്ടപ്പെടുവാനും ഈ സംഗീത സായാഹ്നങ്ങൾ ഒരു കാരണമാകാം. അപ്പയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായ നിത്യവിശുദ്ധയാം എന്ന മനോഹര ഗാനം പാടാത്ത ഒരു ഒത്തുകൂടൽ പോലും ഉണ്ടായിരുന്നില്ല. വർഷങ്ങൾ പിന്നിടുമ്പോളും ഈ സായംസന്ധ്യകൾ ആകാം പഴയകാല മലയാള ചലച്ചിത്രഗാനങ്ങളെ ഇന്നും സ്നേഹിക്കാനും അടുത്ത തലമുറക്ക് പറഞ്ഞും പാടിയും കൊടുക്കാനും ഒരു പ്രജോദനം ആകുന്നത്.
- ജി
- ജി
No comments:
Post a Comment